Monday, 23 December 2013

മൊബൈല്‍ മാനിയ...!!!

ഇത് ഇതു വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഏറ്റവും പുതിയ രോഗം. പണ്ഡിതനും പാമരനും, കോളേജ് കുമാരന്‍മാരും കുമാരിമാരും തെല്ല് അഹങ്കാരത്തോടെ കൊണ്ടു നടക്കുന്ന രോഗം. കൊച്ച് കുട്ടികള്‍ മുതല്‍ കുട്ടിത്തം വിട്ടു മാറാത്ത തൊണ്ണൂറ്റിയെട്ടുകാരനും ഇത് അല്‍പം സുഖം പകരുന്ന ഒരു അസുഖം. ആര്‍ക്കും ഈ അസുഖത്തെക്കുറിച്ച് ആവലാതിയില്ല എന്നത് ഈ അസുഖത്തിന്റെ മാത്രം പ്രത്യേകത.


അല്പന് മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും ഫോണ്‍വിളി എന്നാണല്ലോ പുതിയ ചൊല്ല്. ചുമ്മാ പറയുന്നതല്ല. ബസ്സില്‍ പോകുമ്പോളും, എന്തിനേറെ രാവിലെ ജോഗിംഗിന് ഇറങ്ങുമ്പോഴും മലയാളിയുടെ കൂടെ കാണും മൊബൈല്‍. കാരണം ഇതില്ലാതെ മലയാളിക്കിന്ന് ഒരു മിനിറ്റ് പോലും കഴിച്ചു കൂട്ടാനാവില്ലല്ലോ.

ഇടതും വലതും ഇരിക്കുന്നവരോട് സംസാരിക്കാനും, പാര്‍ക്കില്‍ പോയാല്‍ തൊട്ടുരുമ്മിയിരിക്കുന്നവരോട് സൊള്ളാനും മലയാളിക്ക് മൊബൈല്‍ ഇല്ലാതെ പറ്റില്ലല്ലോ. സ്വന്തം മുറിയിലിരിന്നു കൊണ്ട് അടുക്കളയിലുള്ള അമ്മയോട് ചായ തരാന്‍ പറയാനും മൊബൈല്‍ വേണം. ഇതു പോലെ സൗകര്യം ഒരുക്കാന്‍ വെറെന്തിന് കഴിയും അല്ലേ?

മാറുന്ന കാലത്തിനൊപ്പം മൊബൈല്‍ രൂപവും ഭാവവും മാറ്റിയപ്പോള്‍ അതിനനുസരിച്ച്് മലയാളികളും മാറി. ഒരു സിമ്മില്‍ നിന്ന് രണ്ടും രണ്ടില്‍ നിന്ന് നാലും സിമ്മുകളിലേയ്ക്ക് മൊബൈല്‍ മാറിയപ്പോള്‍ മലയാളിയും മാറി. കാലത്തിനൊത്ത് കോലവും മാറണം എന്ന ചൊല്ല് ഓര്‍ത്തിട്ടാണോ എന്തോ. എന്തായാലും ഇന്ന് രണ്ടും നാലും മൊബൈല്‍ ഉള്ളവര്‍ വിരളമല്ല എന്നത് ഒരു നഗ്നസത്യം.


എന്തായാലും ഒരു കാര്യം സത്യം ഇന്നത്തെ ഈ ന്യൂ ജനറേഷന്‍ പിള്ളേര്‍ മൊബൈലില്ലാത്ത കാലത്തെങ്ങാനും ജനിച്ചിരുന്നെങ്കില്‍ അവര്‍ എങ്ങനെ ജീവിച്ചു പോയെനെ..?? അവര്‍ക്ക് ആകെക്കൂടിയുള്ള ഒരു സമയംകൊല്ലി ഇന്ന് ഈ മൊബൈല്‍ ആണല്ലോ.

ശരിക്കും ഈ മൊബൈല്‍ ഒരു സമയംകൊല്ലി മാത്രമല്ല. ഇത് പഴയ കാലത്ത് പ്രചാരത്തിലിരുന്ന പല വിനോദോപാധികളെയും കൊല്ലുന്നു അല്ലെങ്കില്‍ കൊന്നു കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ മനുഷ്യന്റെ ആയുസ്സിന് തന്നെ ഉയര്‍ത്തുന്ന വെല്ലുവിളികളും ചില്ലറയല്ല. എങ്കിലും ആപത്തിന്റെ കാര്യം പറഞ്ഞ് മൊബൈല്‍ ഉപേക്ഷിക്കാന്‍ പറ്റുമോ..?? അങ്ങനെയെങ്കില്‍ എന്നേ മലയാളി മദ്യവും പുകയിലയും ഒക്കെ ഉപേക്ഷിച്ചേനെ അല്ലേ?

കുറ്റം പറയുമ്പോള്‍ ന്യൂ ജനറേഷന്‍ പിള്ളേരെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം ഇന്ന് അമ്പതും എണ്‍പതും കഴിഞ്ഞ അപ്പാപ്പന്‍മാര്‍ക്കും വേണം മൊബൈല്‍. മൊബൈല്‍ ഇല്ലാതെ എന്തോന്ന് ലൈഫ് എന്ന് അപ്പാപ്പന്‍മാര്‍ അടിപൊളി സ്റ്റൈലില്‍ ചോദിക്കുമ്പോള്‍ പിന്നെ പാവം പിടിച്ച പിള്ളേരെ എന്തു പറയാന്‍?

ക്ലാസ്സിലിരുന്ന് അദ്ധ്യാപകരെ കാണാതെ മൊബൈല്‍ ഉപയോഗിക്കുന്ന കോളേജ് കുമാരന്‍മാരും കുമാരിമാരും, സദാ സമയം ചടഞ്ഞിരുന്ന് ചാറ്റ് ചെയ്യുന്ന ചിന്തകരായ കാമുകീ കാമുകന്‍മാരും ഒരു നിമിഷം ഓര്‍ക്കുക അധികമായാല്‍ അമൃതും വിഷം എന്ന്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട അത്ര തന്നെ..!!!

No comments:

Post a Comment